This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള പ്രസ് അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള പ്രസ് അക്കാദമി

പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജിതപ്പെടുത്തുന്നതിനും വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്ഥാപനം. 1979 ജൂണില്‍ സ്ഥാപിച്ച ഈ അക്കാദമിയുടെ ആസ്ഥാനം കൊച്ചിയാണ്.

1978 ജൂണില്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ പ്രസ് അഡ്വൈസറി കമ്മിറ്റിയുടെയും പത്രപ്രവര്‍ത്തന സംഘടനയുടെയും അഭ്യര്‍ഥനയെ മാനിച്ച് അന്നത്തെ വാര്‍ത്താവിതരണ വകുപ്പുമന്ത്രിയായ വരദരാജന്‍ നായര്‍ 1979 ജൂണ്‍ 1-ന് അക്കാദമിയുടെ പ്രവര്‍ത്തനം എറണാകുളം പ്രസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ ആസ്ഥാനകെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി തൃക്കാക്കര സിവില്‍ സ്റ്റേഷനുസമീപം മൂന്നേക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു.

കേരള പ്രസ് അക്കാദമി

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണെങ്കിലും അക്കാദമി ഒരു സ്വയംഭരണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത് .പത്രപ്രവര്‍ത്തനമുള്‍പ്പെടെയുള്ള പൊതുജനമാധ്യമങ്ങളെ സംബന്ധിച്ച പഠനവും ഗവേഷണവും നടത്തുക; അതിനുതകുന്ന ബൃഹത്തായ ഒരു ഗ്രന്ഥാലയം ഉണ്ടാക്കുക; ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു പരിശീലനം നല്കുക; അവര്‍ക്കാവശ്യമായ പുസ്തകങ്ങളും കാലിക പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുക; ഈ രംഗത്തു സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനസമ്മാനങ്ങളും ബഹുമതികളും നല്കുക; ശാരീരികമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കു ധനസഹായം നല്കുക തുടങ്ങിയവയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പത്രപ്രവര്‍ത്തകര്‍ക്കും പബ്ലിക് റിലേഷന്‍സ് വകുപ്പിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെയും ഉദ്യോഗസ്ഥന്മാര്‍ക്കും വേണ്ടി അക്കാദമി പരിശീലന പരിപാടികള്‍ നടത്തിവരുന്നു. അക്കാദമിയുടെ വകയായി ഒരു മികച്ച ഗ്രന്ഥശാലയുമുണ്ട്. അച്ചടിയുടെ ആരംഭം മുതല്‍ ഇന്നോളം കേരളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ദിനപത്രം, വാരിക, മാസിക തുടങ്ങിയ കാലിക പ്രസിദ്ധീകരണങ്ങളുടെ ഏറ്റവും പഴയ ലക്കങ്ങള്‍ അക്കാദമി ശേഖരിച്ചുവരുന്നു. കേരളത്തിലെ കാലിക പ്രസിദ്ധീകരണങ്ങളുടെ ബിബ്ളിയോഗ്രാഫി; സമഗ്രമായ ഒരു പത്രപ്രവര്‍ത്തനചരിത്രം; എഡിറ്റിങ്, റിപ്പോര്‍ട്ടിങ്, മുദ്രണം തുടങ്ങിയവയെ സംബന്ധിച്ച പുസ്തകങ്ങള്‍ എന്നിവയും അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിവരുന്നുണ്ട്.

പത്രപ്രവര്‍ത്തന-കലാ-സാഹിത്യരംഗങ്ങളില്‍ പ്രഗല്ഭരായവരില്‍ നിന്നും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അധ്യക്ഷനും നാലംഗങ്ങളും, പത്രപ്രവര്‍ത്തനസംഘടന നാമനിര്‍ദേശം ചെയ്യുന്ന ആറംഗങ്ങള്‍, പത്രമുടമസംഘടന നാമനിര്‍ദേശം ചെയ്യുന്ന ആറംഗങ്ങള്‍, ധനകാര്യവകുപ്പുസെക്രട്ടറി, പൊതുഭരണവകുപ്പു സെക്രട്ടറി, പബ്ലിക്റിലേഷന്‍സ് ഡയറക്ടര്‍, അക്കാദമി സെക്രട്ടറി എന്നിവരടങ്ങുന്ന ജനറല്‍ കൌണ്‍സില്‍ ആണ് അക്കാദമിയുടെ നയരൂപവത്കരണവും ഭരണവും നടത്തുന്നത്.

1986-ല്‍ അക്കാദമി ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷനില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ട്ടൈസിങ് എന്നീ വിഷയങ്ങളില്‍ പി.ജി. ഡിപ്ലോമ കോഴ്സുകള്‍ നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍